തൃശൂരിൽ ഹാൾ മാര്‍ക്ക് ചെയ്യാൻ നൽകിയ 2255 ഗ്രാം സ്വര്‍ണമോ പകരം പണമോ കൊടുക്കാതെ മുങ്ങി, മുഖ്യപ്രതി അറസ്റ്റിൽ

news image
Sep 30, 2024, 5:36 pm GMT+0000 payyolionline.in

തൃശൂര്‍: ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് പിടികൂടി. മഹാരാഷ്ട്ര സാംഗ്‌ളി ജില്ല സ്വദേശിയായ നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ താമസിക്കുന്ന ചക്രമാക്കില്‍ വീട്ടില്‍ വിശ്വാസ് രാമചന്ദ്രന്‍ കദം (34) നെയാണ് തൃശൂര്‍ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. എറണാകുളം സ്വദേശി ഹാള്‍മാര്‍ക്ക് ചെയ്യിക്കുന്നതിനായി നല്‍കിയ 2255.440 ഗ്രാം സ്വര്‍ണാഭരങ്ങള്‍ ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങളോ പണമോ തിരികെ നല്‍കാതെ ആകെ ഒരു കോടി 80 ലക്ഷം രൂപ തട്ടിപ്പുനടത്തി എന്നതാണ് കേസ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എറണാകുളം സ്വദേശി ഹാള്‍മാര്‍ക്ക് ചെയ്യിക്കുന്നതിനായി പല തവണകളിലായി 2255.440 ഗ്രാം സ്വര്‍ണാഭരങ്ങള്‍ രാമചന്ദ്രന് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങളോ പണമോ തിരികെ നല്‍കാതെ ഇരുന്നതിനാല്‍ ജൂണ്‍ മാസത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എം സുജിത്ത്, ഇന്‍സ്‌പെകടര്‍ എംജെ. ജിജോ, എന്നിവര്‍ നടത്തിവന്നിരുന്ന അന്വേഷണം പിന്നീട് തൃശൂര്‍ സിറ്റി പോലീസ് മേധാവി ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയുടെ നാടായ മഹാരാഷ്ട്രയിലെ സാംഗ്‌ളി ജില്ലയിലെത്തി.

പിന്നാലെ മഹാരാഷ്ട്ര  പൊലീസിന്റെ സഹായത്താല്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ. സന്തോഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe