തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു. പൂരം കലക്കൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണത്തലവൻ ഡി.ഐ.ജി തോംസൺ ജോസാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്.
പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. പൂരം അലങ്കോലപ്പെടുന്ന സമയത്ത് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്.
എന്നാൽ ഇത് സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് സുരേഷ് ഗോപി ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. ഈ മാസം തന്നെ അന്വേഷണം പൂർത്തിയാക്കി ക്രൈബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് കൈമാറും.