തൃശൂർ: തൃശൂരിൽ പ്രോട്ടീൻ പൗഡറിന്റെ മറവിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്ന് പിടികൂടി. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീൻ മാളിൽ നടത്തിയ റെയ്ഡിലാണ് ബിപി കൂട്ടാന്‍ ഉപയോഗിക്കുന്ന മരുന്ന് പിടികൂടിയത്. പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ മാളില്‍ തൃശൂർ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടികൂടിയത്.
ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന മരുന്നിന്റെ 210 ആംപ്യൂളുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നാണ് ജിമ്മുകളിലേക്ക് പ്രോട്ടീന്‍ മാളില്‍ നിന്ന് വില്‍പ്പന നടത്തിയത്. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനായിരുന്നു ഇവരിത് നല്‍കിയത്. ഷോപ്പില്‍ നിന്നും കടയുടമയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നും മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിദേശത്ത് നിര്‍മ്മിച്ച അനബോളിക് സ്റ്റിറോയ്ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ പാഴ്സല്‍ വഴി കഞ്ചാവ് കടത്തിയതിന് വിഷ്ണുവിനെ പിടികൂടിയിരുന്നു. ഈ കേസില്‍ ഇയാളിപ്പോൾ ജയിലിൽ കഴിയുകയാണ്.