തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ: മൃദുല മുരളി

news image
Sep 13, 2022, 7:46 am GMT+0000 payyolionline.in

തെരുവു നായ അക്രമണം രൂക്ഷമായതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് നടി മൃദുല മുരളി. നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതൽ ഷെൽറ്ററുകൾ നിർമിക്കാൻ അധികൃതര്‍ മുൻകൈ എടുക്കണമെന്ന് മൃദുല പറയുന്നു. പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മുഴുവൻ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുകയാണോ എന്നും താരം ചോദിക്കുന്നു.

 

സമൂഹമാധ്യമത്തിലൂടെയായിരുന്നു മൃദുല മുരളി തന്റെ നിലപാട് തുറന്നു പറഞ്ഞത്. ‘‘പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവൻ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക!!! ഇങ്ങനെയാണോ കാര്യങ്ങൾ നടത്തേണ്ടത്.’’ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കുന്നു.

നിരവധി ആളുകളാണ് മൃദുലയെ എതിർത്തും അനുകൂലിച്ചും രംഗത്തുവരുന്നത്. തന്നെ വിമർശിക്കുന്നവർക്ക് നടി മറുപടിയും നൽകുന്നുണ്ട്. മൃഗ സ്നേഹികൾ ഇറങ്ങി എന്ന കമന്റിന് ‘ഇറങ്ങണോല്ലോ. ആ പാവങ്ങൾക്ക് അതിന് പറ്റൂല്ലല്ലോ’ എന്നായിരുന്നു മൃദുലയുടെ മറുപടി.

‘ചേച്ചി റോഡിൽ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാൽ പോലും ആരും തിരിഞ്ഞു നോക്കില്ല’ എന്ന കമന്റിനും മൃദുല മറുപടി പറഞ്ഞു: ‘‘എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞു നോക്കാൻ ആളുകൾ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങൾ ആരാണ് തീരുമാനിക്കാൻ? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്.’’

നായ്ക്കളെ കൊല്ലുന്നതു നിർത്തി, അവറ്റകളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി കൂടുതൽ ഷെൽറ്ററുകൾ നിർമിക്കുന്നതിനു വേണ്ടിയാണ് താൻ ശബ്ദമുയർത്തുന്നതെന്ന് മൃദുല പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe