കൊയിലാണ്ടി: ദേശീയപാതയിൽ പതിനേഴാം മൈലിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ‘അസ്സാറോ’ എന്ന സ്വകാര്യ ബസാണ് ഇന്ന് വൈകുന്നേരം 4 മണിയോടെ റോഡരികിലെ ചളിയിൽ താഴ്ന്നുപോയത്.
എതിർദിശയിൽ നിന്ന് തെറ്റായ ദിശയിൽ വന്ന ബസുമായി കൂട്ടിയിടി ഒഴിവാക്കാനായി ബസ് ഡ്രൈവർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം തെറ്റി മുൻഭാഗത്തെ ടയറുകൾ പൂർണ്ണമായും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇളക്കിയിരുന്ന മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. സമീപകാലത്ത് ജലനിധി പദ്ധതിക്കായി റോഡരികിലെ മണ്ണ് നീക്കം ചെയ്യുകയും പൈപ്പിടുകയും ചെയ്തിരുന്നു. മഴ ശക്തമായതോടെ ഈ ഭാഗം ചെളിക്കുളമായി മാറുകയും വാഹനങ്ങൾ താഴ്ന്നുപോകുന്ന സാഹചര്യം പതിവാകുകയാണെന്നും നാട്ടുകാർ ആരോപിച്ചു