തെലങ്കാന മെഡിക്കൽ കോളജിൽ പ്രഫസർ വിദ്യാർഥിയെ ബാർബർ ഷോപ്പിലെത്തിച്ച് തല മൊട്ടയടിപ്പിച്ചു

news image
Nov 18, 2024, 6:48 am GMT+0000 payyolionline.in

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഗവൺമെ​ന്‍റ് മെഡിക്കൽ കോളജിലെ ഫാക്കൽറ്റി അംഗം ഒരു ജൂനിയർ വിദ്യാർഥിയെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി നിർബന്ധിച്ച് തല മൊട്ടയടിപ്പിച്ചതായി പരാതി. നവംബർ 12 ന് നടന്ന സംഭവത്തെ ഗൗരവമായി കണ്ട് തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. വലിയ വിമർശനമുയർന്നതിനെ തുടർന്ന് ബി.എൻ.എസ്, എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം, റാഗിംഗ് വിരുദ്ധ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.

എന്നാൽ, ഇത് റാഗിംഗ് അല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ചില സീനിയർമാർ ഒന്നാംവർഷ വിദ്യാർഥിയോട് ‘ചൈനീസ് ​ ഹെയർസ്റ്റൈൽ’ ഒരു മെഡിക്കൽ കോളേജ് വിദ്യാർഥിക്ക് യോജിക്കുന്നതല്ലെന്ന് പറയുകയും അത് ട്രിം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അതേത്തുടർന്ന് മുടി മുറിച്ച വിദ്യാർഥിയെ അതേ ഹോസ്റ്റലിൽ താമസിക്കുന്ന അസിസ്റ്റന്‍റ് പ്രഫസറും റാഗിംഗ് വിരുദ്ധ സമിതിയുടെ ഇൻ-ചാർജുമായ മെഡിക്കൽ ഓഫിസർ ‘ഇത് വിചിത്രമായി തോന്നുന്നു’ എന്ന് പറഞ്ഞ് അവനെ ഒരു സലൂണിലേക്ക് കൊണ്ടുപോയി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഷയം പ്രിൻസിപ്പലി​ന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച മെഡിക്കൽ ഓഫിസറെ ഹോസ്റ്റലി​ന്‍റെ ചുമതലയിൽനിന്ന് മാറ്റാൻ ഉത്തരവിടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. അസിസ്റ്റന്‍റ് പ്രഫസറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തി നല്ലതല്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, അധ്യാപകർ പറയുന്നതനുസരിച്ച് അങ്ങനെ ചെയ്യുക അദ്ദേഹത്തി​ന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്നും മറിച്ച് വിദ്യാർഥിയെ അച്ചടക്കം പാലിക്കാൻ പ്രേരിപ്പിക്കുക മാത്രമാണെന്നുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe