കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ ഒടുങ്ങാട് നസീറയുടെ അനൽപമായ ജീവകാരുണ്യത്തിന്റെ കഥയാണിത്. … ഒപ്പം തന്റെ ജീവൻ രക്ഷിച്ച വീട്ടമ്മയെ സ്നേഹംകൊണ്ട് പൊതിയുന്ന നായുടെയും.
ശനിയാഴ്ച വീട്ടിലെ ജോലിക്കിടയിലാണ് നസീറ വല്ലാത്തൊരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ മെലിഞ്ഞ തെരുവുനായ് ദയനീയ ശബ്ദമുണ്ടാക്കി പടികൾ കയറുന്നു. ഇടക്കിടെ മുഖം താഴെ ഉരക്കുന്നു. വേദനകൊണ്ട് തുറന്നുവെച്ച വായ അടക്കാൻപോലും അതിനാകുന്നില്ല. വായിൽ കുടുങ്ങിയ എല്ലിൻകഷണം ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ നസീറ കമ്പുകൊണ്ട് പുറത്തെടുത്തു.
കഠിന വേദന ഒഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു നായുടെ മുഖത്ത്. പിന്നീടത് എങ്ങോ ഓടിമറഞ്ഞു. തിങ്കളാഴ്ച കൽപറ്റയിൽ പോയി തിരിച്ചുവരവെ നായ് നസീറയുടെ മുന്നിലേക്ക് വീണ്ടും ഓടിവന്നു. വാലാട്ടി, മുട്ടുകുത്തി നിന്നു. ഭക്ഷണം കൊടുത്തപ്പോൾ ആർത്തിയോടെ കഴിച്ചു. കണ്ടുനിന്ന നസീറയുടെ മുഖത്തും ചാരിതാർഥ്യം.
ഇതേക്കുറിച്ച് പ്രമുഖ പണ്ഡിതൻ ഇല്യാസ് മൗലവി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:
സഹോദരി നസീറക്ക് ബിഗ് സല്യൂട്ട്
ഇന്ന് രാവിലെ തന്നെ നാട്ടിലെ ” പിണങ്ങോടിയൻസ് ” വാട്സ് ആപ്പ് ഗ്രൂപ്പിൽ കണ്ട ഒരു വീഡിയോ ക്ലിപ്പാണ് ഈ കുറിപ്പിന് പ്രേരകം.
ഒരു നായ തൊണ്ടയിൽ എല്ല് കുടുങ്ങി ഇറക്കാനോ തുപ്പാനോ കഴിയാതെ കഷ്ടപ്പെടുന്നത് സഹോദരി നസീറയുടെ ശ്രദ്ധയിൽ പെടുന്നു. സംസാരശേഷിയുണ്ടായിരുന്നെങ്കിൽ ” രക്ഷിക്കണേ ” എന്ന് ആ നായ നിലവിളിക്കുമായിരുന്നു. എന്നാൽ ജീവകാരുണ്യത്തിൻ്റെ സ്കാനർ ഹൃദയത്തിൽ ഘടിപ്പിച്ച സഹോദരി നസീറ ആ നായയുടെ ദയനീയമായ നോട്ടം തൻ്റെ അലിവുള്ള ഹൃദയം കൊണ്ട് ഒപ്പിയെടുത്തു.
പിന്നെ ഒന്നും നോക്കിയില്ല. സ്വന്തം മക്കളെയെന്നോണം ആ നായയെ മൃദുലമായി തലോടി കൊണ്ട് “നീ വിഷമിക്കണ്ടാ എല്ലാം ഞാൻ ശരിയാക്കിത്തരാം” എന്ന മട്ടിൽ ഒരു കമ്പെടുത്ത് വളരെ ശ്രദ്ധാപൂർവ്വം നായയുടെ തൊണ്ടയിൽ നിന്നും എല്ലിൻ കഷ്ണം വളരെ കൂളായി പുറത്തെടുത്ത് ആ പാവം നായയെ രക്ഷപ്പെടുത്തി. ആ കാഴ്ച കാണാൻ മാത്രമുണ്ട്.
എന്തൊരു ദയ! എന്തൊരു ആർദ്രത! എന്തൊരു സൂക്ഷ്മത!
എന്തൊരു സാമർത്ഥ്യം!
എന്തൊരു കരുതൽ!
പ്രവാചകൻ മുഹമ്മദ് (സ്വ) പഠിപ്പിച്ച ശ്രദ്ധേയമായ ഒരു കഥ ഇത്തരുണത്തിൽ ഓർത്തു പോയി.
അതിങ്ങനെ വായിക്കാം:
അബൂ ഹുറയ്റ (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു:
” ഒരു മനുഷ്യൻ വഴിയിലൂടെ നടന്നുപോകുമ്പോൾ അയാൾക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. അങ്ങനെയിരിക്കെ അദ്ദേഹം ഒരു കിണർ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ച ശേഷം മുകളിലേക്ക് കയറി. അപ്പോഴുണ്ട് കിതച്ചുകൊണ്ട് നാവ് നീട്ടി കഠിനമായ ദാഹം കാരണം മണ്ണ് കപ്പുന്ന ഒരു നായ! അദ്ദേഹം ആത്മഗതം ചെയ്തു: ദാഹം കൊണ്ട് ഞാൻ കഷ്ടപ്പെട്ടതു പോലെ ഈ നായയും കഷ്ടപെടുകയാണല്ലോ, എന്ത് ചെയ്യും!.
ഒന്നും നോക്കിയില്ല, അദ്ദേഹം കിണറ്റിലിറങ്ങി, പക്ഷെ വെള്ളം എടുക്കാൻ പറ്റിയ ഒന്നും കയ്യിലില്ലല്ലോ, ഒരു ഐഡിയ തോന്നി,
തൻ്റെ ബൂട്ട് ഊരി അതിൽ വെള്ളം നിറച്ചു. പക്ഷെ കിണറിൻ്റെ മുകളിലെത്തണ്ടേ? ബൂട്ട് കയ്യിൽ പിടിച്ച് എങ്ങനെ കയറും! ഒന്നും നോക്കിയില്ല, അത് വായ കൊണ്ട് കടിച്ചുപിടിച്ച് മുകളിലേക്ക് കയറി നായക്ക് വെള്ളം നൽകി അതിൻ്റെ ദാഹം തീർത്തു. പ്രവാചകൻ പറഞ്ഞു: ”
ആ ദയാവായ്പ്പിന് അല്ലാഹു അയാൾക്ക് നന്ദി പ്രകാശിപ്പിക്കുകയും അദ്ദേഹത്തിൻ്റെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു “. കഥ കേട്ടുകൊണ്ടിരുന്ന പ്രവാചകൻ്റെ അനുചരന്മാർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, മൃഗങ്ങളോട് കരുണ കാണിക്കുന്നതിനും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?
അവിടുന്ന് പറഞ്ഞു: ” അതെ, ജീവനുള്ള ഏതൊന്നിനോടും കരുണ കാണിക്കുന്നതിന് പ്രതിഫലമുണ്ട് “.- (ബുഖാരി: 6009, മനുഷ്യരോടും മൃഗങ്ങളോടും കരുണ കാണിക്കുക എന്ന അധ്യായം).
അബൂ ഹുറയ്റ (റ) തന്നെ നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ: പാപങ്ങൾ ചെയ്തിരുന്ന ഒരു സ്ത്രീക്കും കഠിനമായ ദാഹം കാരണം കിതച്ചുകൊണ്ട് ഒരു കിണറിൻ്റെ അടുത്ത് നിൽക്കുന്ന ഒരു നായക്ക് തൻ്റെ ബൂട്ട് ഊരി ശിരോവസ്ത്രം കൊണ്ട് അത് കിണറ്റിലിറക്കി വെള്ളം കോരിയെടുത്ത് നൽകിയതിനാൽ അവൾളുടെ പാപങ്ങൾ പൊറുക്കപ്പെടുകയുണ്ടായി എന്നതും കാണാം.