ദില്ലി: കഴിഞ്ഞ ദിവസം ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി ദില്ലി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ഷഹീൻ ഷാഹിദിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു, മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിനിടെ ഇയാൾ കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ ദില്ലിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് മുസമ്മിലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
