മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ മാത്രമായി 120 ഒഴിവും ചരക്ക് ട്രെയിനുകളിൽ 182 ഒഴിവുകളുമുണ്ട്. എൻജിൻ ക്രൂവിന്റെ ഇത്രയധികം ഒഴിവുകൾ ദക്ഷിണ റെയിൽവേയിൽ വരുന്നത് ആദ്യമാണ്. ഒഴിവുകൾ നികത്താത്തതുമൂലം ജീവനക്കാർക്ക് ആഴ്ചയിലെ വിശ്രമ അവധിയും അധികൃതർ നിഷേധിക്കുകയാണ്. അവധി കിട്ടുന്നില്ലെന്ന് മാത്രമല്ല കൂടുതൽ സമയം ഡ്യൂട്ടി എടുക്കേണ്ട സ്ഥിതിയുമാണ്. അവധിയും വിശ്രമവും ഒഴിവാക്കി ജോലി ചെയ്യുന്നതിനാലാണ് ശബരി സ്പെഷ്യൽ, ചരക്ക് ട്രെയിനുകൾ അടക്കം ഓടുന്നത്. കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിൽ 110, പാലക്കാട് 85 എന്നിങ്ങനെയാണ് എൻജിൻ ഡ്രൈവർമാരുടെ ഒഴിവുകൾ.
2018 ൽ ആണ് അവസാനമായി അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിച്ചത്. റെയിൽവേയിൽ 16 സോണുകളിലായി 2020 ലെ തസ്തിക നിർണയം അനുസരിച്ച് – 1,28,793 ലോക്കോ റണ്ണിങ് സ്റ്റാഫുമാരെ അനുവദിച്ചിരുന്നു. അതിൽ 1,12,420പേരാണ് നിലവിൽ ഉള്ളത്. 16373 ഒഴിവുകൾ നികത്തിയിട്ടില്ല. ഒഴിവുകൾ നികത്താൻ നിർദേശിച്ച് കഴിഞ്ഞ ജൂൺ 23ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ നിയമന നടപടി തുടങ്ങിയില്ല. ഉദ്യോഗാർഥികളെ നിയമിച്ച് അവരുടെ പരിശീലനം പൂർത്തിയാകാൻ രണ്ടുവർഷമെടുക്കും. ഉടൻ നിയമനം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ലോക്കാ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.