കൊച്ചി: നടന് ദിലീപിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബി രാകേഷ്. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്കിയാല് മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര്‍ അല്ലാത്തവര്‍ക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും രാകേഷ് വ്യക്തമാക്കി. ‘ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അന്ന് താല്‍ക്കാലിക അംഗത്വം നല്‍കിയിരുന്നു’: ബി രാകേഷ് കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ ഫെഫ്കയിലെ സസ്പെന്ഷന് പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അറിയിച്ചിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.
