രാജ്യത്തെ നടുക്കിയ ദില്ലി കാർ ബോംബ് സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ഇന്നലെ പൊട്ടിത്തെറി നടന്ന ഉടൻ രാജ്യത്തെ പ്രമുഖ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതുവരെ 13 പേരാണ് പൊട്ടിത്തെറിയിൽ മരിച്ചത്. നിരവധി പേർ പരുക്കേറ്റ് ചികിത്സയിലാണ്.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫരീദാബാദിൽ അന്വേഷണ ഏജൻസികളുടെ വ്യാപക പരിശോധന തുടരുകയാണ്.
ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിലവിൽ ഭൂട്ടാനിലാണ് പ്രധാനമന്ത്രിയുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും, സംഭവിച്ച വൻ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്റലിജൻസ് ഭീകരാക്രമണ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.
