പന്ത്രണ്ട് സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ദില്ലി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോ. ഉമർ നബി തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി എൻ എ പരിശോധനയിലാണ് സ്ഥിരീകരണം. കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലാണ് ഡോക്ടര്‍ ഉമര്‍ നബി. പൊട്ടിത്തെറിയിൽ ഇയാളുടെ ശരീരം ചിന്നിച്ചിതറിയിരുന്നു. ഇവിടെ നിന്നെടുത്ത സാമ്പിളുകളും ഇയാളുടെ കുടുംബാംഗങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളും പരിശോധിച്ചാണ് മരിച്ചത് ഉമർ നബി തന്നെയാണെന്ന് ഉറപ്പിച്ചത്.
നവംബർ പത്തിനാണ് ഡൽഹിയിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായ ചെങ്കോട്ടക്ക് സമീപം ട്രാഫിക്ക് സിഗ്നലിൽ വച്ച് കാർ പൊട്ടിത്തെറിച്ചത്. 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്‌ഫോടനത്തിൽ, ചുറ്റുപാടുമുള്ള കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഹ്യുണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലായിരുന്നു ഡോ. ഉമർ നബി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും സ്‌ഫോടക വസ്തുക്കളും തോക്കുകളുമടക്കം പിടിച്ചെടുക്കുകയും രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിലായിട്ടുണ്ട്. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
