ദേശീയപാതയിലെ മീത്തലെ മുക്കാളി മണ്ണിടിച്ചിൽ പ്രദേശം ജില്ലാ കളക്ടർ സന്ദർശിച്ചു

news image
Aug 4, 2026, 5:24 am GMT+0000 payyolionline.in

അഴിയൂർ: ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ പ്രദേശം ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് കെ.കെ. രമ എം.എ.എൽ, ആർ.ഡി.ഒ സി. പ്രസീൽ കുമാർ എന്നിവർക്കൊപ്പം കളക്ടർ സ്ഥലത്തെത്തിയത്.

ദേശീയപാത നിർമാണത്തിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വടകരയിൽ അവലോകന യോഗം ചേർന്നിരുന്നു. ഞായറാഴ്ച വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര ഇടപെടലിന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സന്ദർശനം.

മീത്തലെ മുക്കാളിയിൽ നിർമാണം തുടരുന്ന സംരക്ഷണഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുമെന്നും ഉറപ്പുനൽകി. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും നിർമാണ ജോലികൾ ജില്ലാ ഭരണകൂടം നേരിട്ട് മോണിറ്റർ ചെയ്യുമെന്നും വ്യക്തമാക്കി.

മണ്ണിടിച്ചിൽ മൂലം നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളും സംരക്ഷണഭിത്തി നിർമാണത്തിലെ അപാകതകളും പ്രദേശവാസികൾ കളക്ടർക്ക് മുന്നിൽ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊട്ടക്കാട്ട്, വടകര എം.പിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. പ്രദീപ് കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണ, പി. ബാബുരാജ്, എം.വി. ജയപ്രകാശ്, പ്രദീപ് ചോമ്പാല, കെ.പി. ജയകുമാർ, ഷംസീർ ചോമ്പാല, കെ.കെ. ശ്രീജിത്ത് എന്നിവരും ദേശീയപാത അതോറിറ്റി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe