ദേശീയ പാത പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആര്‍എഫ്പി വ്യവസ്ഥകള്‍ കര്‍ശനമാക്കി ദേശീയപാത അതോറിറ്റി. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉപകരാര്‍ നല്‍കുന്നത് തടയാനും മൂന്നാംകക്ഷികളുടെ ഇടപെടല്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടികള്‍. കേരളത്തിലടക്കം ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം.
ലേലത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ദേശീയപാത അഥോറിറ്റി. സമാന ജോലി എന്ന മാനദണ്ഡം ദുരുപയോഗം ചെയ്ത് പല വന്‍കിട പദ്ധതികളും ചെറു കരാറുകാര്‍ സ്വന്തമാക്കിയിരുന്നു. ഇത് തടയാന്‍ നിര്‍വചനത്തിന് കൂടുതല്‍ വ്യക്തത വരുത്തി. ലേലം ക്ഷണിച്ച പദ്ധതിക്ക് തുല്യമായ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചവരെ മാത്രമെ ഇനി പരിഗണിക്കുകയുള്ളു.
അനുമതിയില്ലാതെ ഉപകരാര്‍ നല്‍കുന്നതും അനുവദനീയ പരിധിക്കപ്പുറം ഉപകരാര്‍ നല്‍കുന്നതും വഞ്ചനാക്കുറ്റമായി കണക്കാക്കി നടപടി സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട കരാറുകാര്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടെ മൂന്നാംകക്ഷികള്‍ നല്‍കുന്ന പെര്‍ഫോമന്‍സ് സെക്യൂരിറ്റികള്‍ സമര്‍പ്പിക്കുന്നത് അംഗീകരിക്കില്ല. കരാറുകാരന്റെയോ അവരുടെ അംഗീകൃത സ്ഥാപനങ്ങളുടെയും രേഖകള്‍ മാത്രമെ സ്വീകരിക്കു എന്നും എന്‍എച്ച്എഐ വ്യക്തമാക്കി.
കേരളത്തില്‍ കൂരിയാടടക്കം പലയിടത്തും ദേശീയപാത തകര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ദേശീയപാത അഥോറിറ്റി നിലപാട് കടുപ്പിക്കുന്നത്.