ദേശീയപാത നിർമ്മാണം ഇഴയുന്നു; വടകരയിൽ ഉപകരാർ കമ്പനിയായ വഗാഡിനെ മാറ്റി അദാനി ഗ്രൂപ്പ്

news image
May 11, 2026, 5:32 am GMT+0000 payyolionline.in

വടകര: ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനെത്തുടർന്ന് അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ ചുമതലയിൽ നിന്നും ഉപകരാർ കമ്പനിയായ ‘വാഗാഡിനെ’ ഒഴിവാക്കി. നിർമ്മാണ കരാർ ഏറ്റെടുത്ത അദാനി എൻ്റർപ്രൈസസ് ആണ് വാഗാഡിനെ മാറ്റി പകരം കെല്ലർ ഗ്രൂപ്പ്, ഗൾഫാർ ഗ്രൂപ്പ് എന്നിവർക്ക് ചുമതല കൈമാറിയത്. പുതിയ കമ്പനികൾ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിൽ ഏറ്റവും കുറഞ്ഞ പുരോഗതി രേഖപ്പെടുത്തിയ റീച്ചുകളിലൊന്നാണ് അഴിയൂർ-വെങ്ങളം. ഇതുവരെ ഏകദേശം 40 ശതമാനം പ്രവൃത്തികൾ മാത്രമാണ് ഇവിടെ പൂർത്തിയായത്. ഏറെ കാലമായി ജനങ്ങൾ കാത്തിരിക്കുന്ന വടകര മേൽപ്പാലത്തിന്റെ നിർമ്മാണം ഇതുവരെ തുടങ്ങാത്തതും മുക്കാളിയിൽ മണ്ണിടിഞ്ഞ ഭാഗത്തെ പ്രശ്നങ്ങൾക്ക് രണ്ട് വർഷമായിട്ടും പരിഹാരം കാണാത്തതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

നിർമ്മാണം വൈകുന്നതിന് പുറമെ ഉപകരാർ നടപടികളിൽ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ നിർണ്ണായക നീക്കം. പുതിയ കമ്പനികൾ ചുമതലയേറ്റതോടെ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വടകര മേൽപ്പാലം ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് പുതിയ കരാർ കമ്പനികളുടെ പ്രധാന ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe