കൊയിലാണ്ടി: ദേശീയപാത ആറുവരിയായി വികസിപ്പിച്ചപ്പോഴും അനുബന്ധ സർവീസ് റോഡുകൾക്ക് പലയിടത്തും ആവശ്യത്തിന് വീതിയില്ലെന്ന് പരാതി. ചെങ്ങോട്ടുകാവ് മുതൽ കോമത്തുകര വരെയും കൊയിലാണ്ടി വെങ്ങളം മുതൽ നന്തി വരെയുമുള്ള ഭാഗങ്ങളിലാണ് യാത്രക്കാർ ദുരിതത്തിലാകുന്നത്. സർവീസ് റോഡ് ടൂ-വേ (Two-way) ആക്കിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ എന്നരിക്കെ, നിലവിൽ ഒരു വാഹനം പോലും കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണ് പലയിടത്തുമുള്ളത്. അപകടക്കെണി
സർവീസ് റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിൽ ഓവുചാലിന് മുകളിലിട്ട സ്ലാബുകളിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കനം കുറഞ്ഞ ഈ സ്ലാബുകൾ ഭാരമേറിയ വാഹനങ്ങൾ കയറുന്നതോടെ തകർന്നു വീഴുകയാണ്. മുത്താമ്പി അണ്ടർപ്പാസിനും പന്തലായനിക്കും ഇടയിൽ പലയിടത്തും സ്ലാബുകൾ പൊട്ടി അപകടാവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ പോലും ഈ സ്ലാബുകളിൽ തട്ടി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അധികൃതരുടെ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല
സർവീസ് റോഡിന് കൃത്യമായി ഏഴുമീറ്റർ വീതിയുണ്ടാകണമെന്നാണ് ചട്ടം. സ്ഥലലഭ്യത കുറവുള്ളിടത്ത് 5.5 മീറ്റർ മുതൽ ഏഴുമീറ്റർ വരെ വീതിയിൽ നിർമ്മാണം പൂർത്തിയാക്കിയെന്നാണ് ദേശീയപാതാ അതോറിറ്റി അവകാശപ്പെടുന്നത്. എന്നാൽ ഇത് യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്ന പരാതി ശക്തമാണ്. ഇക്കാര്യം ഷാഫി പറമ്പിൽ എം.പി. കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. മുൻ എം.എൽ.എ. കാനത്തിൽ ജമീല നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, അഴിയൂർ-വെങ്ങളം സ്ട്രെച്ചിൽ വീതി കുറച്ചാണോ നിർമ്മാണം നടത്തിയത് എന്ന് പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മറുപടി നൽകിയിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
ടൗണുകളിൽ ബസ് ബേകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇല്ലാത്തത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു. സർവീസ് റോഡിൽ ബസുകൾ നിർത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മറികടക്കാൻ കഴിയാത്ത അവസ്ഥയാണ്. 45 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ടും സർവീസ് റോഡിനായി നിശ്ചയിച്ച സ്ഥലം പൂർണ്ണമായും ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സർവീസ് റോഡിലെ അശാസ്ത്രീയ നിർമ്മാണം വലിയ ഗതാഗത തടസ്സങ്ങളിലേക്കും അപകടങ്ങളിലേക്കും നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
