ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച. നിലവിലെ സാഹചര്യവും ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാനാണ് കൂടിക്കാഴ്ച. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഓപ്പറേഷന് സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. സാധാരണക്കാരെ ആക്രമിച്ചാല്‍ പാകിസ്ഥാന് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദുരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.