ആലപ്പുഴ: കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീ ധനലക്ഷ്മി എൻറർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് ലാപ്ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ സ്വദേശി അനീഷ് പി കെ (37) ആണ് കുത്തിയതോട് പൊലീസിൻറെ പിടിയിലായത്. സെപ്റ്റംബർ 23-ന് പുലർച്ചെ ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ ഇയാളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞാണ് എറണാകുളത്തുനിന്ന് പിടികൂടിയത്.
മുളവുകാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അനീഷ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിൻറെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിൻറെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ജിജിൻ ജോസഫിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ രാജീവ്, സന്തോഷ്കുമാർ, സി പി ഒ മാരായ വിജേഷ്, അമൽരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
