കോഴിക്കോട്: നഗര പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ 16 വെൻഡിങ് സോണുകളുമായി കോർപറേഷൻ. കച്ചവട നിരോധിത മേഖലകളും നിയന്ത്രിത കച്ചവട മേഖലകളും കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു. ഇവകൂടി പൂർത്തീകരിച്ച ശേഷം സ്ട്രീറ്റ് വെൻഡിങ് പ്ലാൻ തയാറാക്കും.
ഇതോടെ നഗരത്തിലെ വഴിയോര കച്ചവടത്തെ തുടർന്നുള്ള ഗതാഗത പ്രശ്നങ്ങൾ, പൊതുജന സഞ്ചാരത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവക്ക് ഒരുപരിധിവരെ പരിഹാരമാവുമെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഔദ്യോഗിക അംഗീകാരത്തോടെ പുനരധിവസിപ്പിക്കുക ലക്ഷ്യമിട്ട് തിരിച്ചറിയൽ കാർഡും നൽകും. കോർപറേഷൻ നടത്തിയ വഴിയോര കച്ചവട സർവേയിൽ കണ്ടെത്തിയ 2,812 പേർക്കായി വിവിധയിടങ്ങളിലായി പത്ത് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഹാജരായ 1,952 പേർക്കാണ് തിരിച്ചറിയൽ കാർഡ് നൽകുക.
തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം ഏപ്രിൽ 19ന് വൈകീട്ട് അഞ്ചിന് തളിയിലെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ നടക്കും. മന്ത്രി എം.ബി. രാജേഷ് കാർഡുകൾ വിതരണം ചെയ്യും.