നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ. കോളിളക്കം സൃഷ്ടിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷമാണ് വിധി പറയുക. ജഡ്ജി ഹണി എം വർഗ്ഗീസ് നേരത്തെ എത്തിയിരുന്നു. നിർണായക വിധി പ്രസ്താവനത്തിന് ഹാജരാകാൻ എട്ടാം പ്രതിയായ ദിലീപ് കോടതിയിലെത്തി. എല്ലാ പ്രതികളും വിധി പ്രസ്താവനത്തിനായി കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ടായിരുന്നു.
പ്രധാന വഴികൾ ഒഴിവാക്കിയാണ് ദീലിപ് കോടതിയിലേക്ക് എത്തിയത്. കോടതിയിൽ എത്തും മുൻപ് അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 8 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് സുപ്രധാന വിധി വരുന്നത്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് നടി പീഡിപ്പിക്കപ്പെട്ടത്
കുറ്റകൃത്യത്തിന്‍റെ മുഖ്യആസൂത്രകൻ, ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിക്കുന്ന ദിലീപിന്‍റെ വിധി എന്താകുമെന്നാണ് കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ആദ്യം കുറ്റക്കാരനാണോ അല്ലയോ എന്നാകും കോടതി വിധിക്കുക.
സുനിൽ എൻ എസ് (പൾസർ സുനി), മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച് (വടിവാൾ സലിം), പ്രദീപ്, ചാർലി തോമസ്, സനിൽ കുമാർ (മേസ്തിരി സനിൽ), ശരത് ജി നായർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
