പയ്യോളി: ദേശീയപാത സർവീസ് റോഡിൽ നന്തിയിൽ വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് പാലുമായി പോകുന്ന പിക്കപ്പ് ലോറി എൻജിൻ തകരാറിനെ തുടർന്ന് സർവീസ് റോഡിൽ കുടുങ്ങിയത്.

ലോറി കുടുങ്ങിയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി സ്വകാര്യ ബസ് റോഡരിക് ചേർന്ന് പോകാൻ ശ്രമിച്ചതോടെ ഡ്രൈനേജിന്റെ കുഴിയിൽ അകപ്പെടുകയായിരുന്നു. ഇതോടെ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച കാലത്ത് ആയതിനാൽ പതിവിലും കൂടുതൽ വാഹനങ്ങളും തിരക്കുമുണ്ടായിരുന്നു.
കഴിഞ്ഞാഴ്ച ഇതേ സ്ഥലത്ത് ലോറി ചെരിഞ്ഞു വീണിരുന്നു. ഈ കുഴി രൂപപ്പെട്ട ഭാഗത്ത് മെറ്റൽപാകിയാൽ തീരുന്ന പ്രശ്നമാണിത്. ഇതിന് കരാർ കമ്പനി തയ്യാറാകുന്നില്ല. അധികൃതർ ആവട്ടെ ഇത് കണ്ടമട്ടുമില്ല. ഈ ഭാഗത്ത് 100 മീറ്ററോളം നീളത്തിൽ റോഡ് ഇല്ല എന്ന അവസ്ഥയാണ്. മഴ കനത്തതോടെ കരാർ കമ്പനിയുടെ തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാകുമെന്ന് നാട്ടുകാർ പറയുന്നു.
