കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ പ്രവൃത്തി നീങ്ങാത്ത അവസ്ഥയാണിപ്പോള്‍
കൊല്ലം അണ്ടര്‍പ്പാസിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലാണ് പാതയുടെ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തത്. കഴിഞ്ഞ ആഴ്ച നല്ലനിലയില്‍ ഈ ഭാഗത്ത് പ്രവൃത്തി നടന്നിരുന്നെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ് പ്രവൃത്തി.
ഇവിടെ ടാറിങ് പ്രവൃത്തിയിലേക്ക് കടക്കണമെങ്കില്‍ ചെമ്മണ് പാതയുടെ പണിതീരണം. ഇപ്പോഴും പാതയില്‍ ഉയര്‍ച്ചയും താഴ്ചയുമാണ്. ഇനിയും മണ്ണിട്ട് ഉയര്‍ത്തിയാലെ റോഡ് ലെവലില്‍ എത്തുകയുള്ളു.
പന്തലായനി പുത്തലത്ത്കുന്ന് ഭാഗത്ത് സര്‍വീസ് റോഡിലേക്ക് തള്ളിനില്ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചു നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ബൈപ്പാസ് മുറിച്ചു കടക്കുന്ന കൂമന്തോട് റോഡില്‍ നിര്‍മിച്ച അടിപ്പാതയുടെ ഇരുവശത്തും റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കൊല്ലം അണ്ടര്‍പ്പാസിനും കുന്ന്യോറ മലയ്ക്കുമിടയിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. കൊല്ലം അടിപ്പാതയ്ക്ക് മുകളിലൂടെ ഒറ്റവരിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും. ഇവിടെ ഇനിയുംമണ്ണിട്ട് ഉയര്‍ത്താനും വശംകെട്ടി ഉയര്‍ത്താനുമുണ്ട്. അഴിയൂര്‍ മുതല്‍ വെങ്ങളംവരെ 8.25 കിലോമീറ്ററൊഴികെ ആറുവരിപ്പാത ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തില്‍ നേരത്തേ എടുത്ത തീരുമാനം.
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡുവരെയുള്ള 5.5 കിലോ മീറ്റര്‍, മൂരാടുമുതല്‍ നന്തിവരെയുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളംവരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പണി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
ബെപ്പാസ് ആരംഭിക്കുന്ന നന്തി ടൗണിലാണ് കാര്യമായ പ്രവൃത്തി മുന്നേറാനുളളത്. ഈ ഭാഗത്ത് റോഡുപണി തുടങ്ങിയാല്‍ നന്തിയില്‍നിന്ന് സുഗമമായി ബൈപ്പാസിലേക്ക് കടക്കാന്‍ കഴിയും.
നന്തിയില്‍ നിലവിലുളള ദേശീയപാതയുമായി ബൈപ്പാസ് സന്ധിക്കുന്നിടത്ത് പ്രവൃത്തി ഏറെ മുന്നേറാനുണ്ട്. ഇവിടെ നിര്‍മിച്ച അണ്ടര്പ്പാസുമായി ബൈപ്പാസ് റോഡിനെ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമേ ചെങ്ങോട്ടുകാവ് വഴിവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കണ്ണൂര്‍ റോഡിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ.
നന്തി ശ്രീശൈലം കുന്നിലേക്കുള്ള ചെറു പാതയിലൂടെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ ഓടുന്നത്. ഈ റോഡ് തകര്‍ന്ന് കിടപ്പാണ്. എന്നാലും ധാരാളം വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറാന്‍ ഇതു വഴി വരുന്നുണ്ട്.
ചെങ്ങോട്ടുകാവില്‍ പണിത അണ്ടര്പ്പാസുമായി ആറുവരിപ്പാത ബന്ധിപ്പിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ചെങ്ങോട്ടുകാവിനും നന്തിയ്ക്കും ഇടയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്.
