നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: പന്തലായനിയിൽ നിർമ്മാണം അവസാനഘട്ടത്തിൽ; കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി

news image
Mar 25, 2026, 5:23 am GMT+0000 payyolionline.in

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി പന്തലായനി മേഖലയിൽ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. പന്തലായനി പുത്തലത്തുകുന്നിനും കുന്ന്യോറമലയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇപ്പോൾ പ്രധാനമായും പണികൾ നടക്കുന്നത്. കൂമൻതോട് റോഡിലെ അണ്ടർപാസിന് മുകളിലെ ടാറിങ് പൂർത്തിയായി. നിലവിൽ ഇവിടെ സുരക്ഷാ കൈവരികൾ സ്ഥാപിക്കുന്ന ജോലികളാണ് നടന്നു വരുന്നത്.

മെയിൻ കനാൽ മുതൽ കുന്ന്യോറമല വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും കോൺക്രീറ്റ് മതിൽ കെട്ടി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്തെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ സംരക്ഷണ മതിൽ നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ കാലവർഷത്തിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

അതേസമയം, നന്തി ഭാഗത്ത് നിർമ്മാണ വേഗത കുറവാണെന്ന ആക്ഷേപമുണ്ട്. കരാർ കമ്പനിയുടെ പ്ലാന്റ് പ്രവർത്തിക്കുന്ന ശ്രീശൈലംകുന്നിലെ റോഡ് പണി ഇപ്പോഴും പാതിവഴിയിലാണ്. തിരുവങ്ങൂർ കുനിയിൽക്കടവ്, പൂക്കാട്, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ അണ്ടർപാസുകളുടെ പണി പൂർത്തിയായി റോഡ് പുനർനിർമ്മിച്ചെങ്കിലും ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയിട്ടില്ല. പൊയിൽക്കാവ് ഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും വേഗത്തിലാകാനുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe