കോഴിക്കോട് : വെള്ളിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്‌ഥാനപാതയിലെ ഫറോക്ക് പുതിയ പാലത്തിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോൾ പാലത്തിൽ ഘടിപ്പിച്ച സ്ട്രീറ്റ് ലൈറ്റിൻ്റെ തുണിൽ പിടിച്ചു പുഴയിലേക്ക് ചാടാൻ നിൽക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടത്. ആക്രോശങ്ങളല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ പൊലീസ് സ്നേഹവാക്കുകൾ പറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രണ്ടര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ സ്ട്രീറ്റ് ലൈറ്റിന്റെ തുണിൽ തൂങ്ങി നിന്ന യുവാവിനെ കൈപിടിച്ച് പതുക്കെ റോഡിലേക്ക് ഇറക്കി.
ഇൻസ്പെക്ടറുമായി സംസാരിച്ചു പൊട്ടിക്കരഞ്ഞ യുവാവ് ഭാര്യയുമായി പിണക്കത്തിലാണെന്നും രണ്ടുദിവസമായി ഉറങ്ങിയിട്ടില്ലെന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്നും അറിയിച്ചു. തുടർന്നു യുവാവിനെ പൊലീസ് ഒരു ചായക്കടയിലേക്കു കൊണ്ടുപോയി. എന്നാൽ ചായ കുടിക്കുമ്പോൾ ശാരീരിക അസ്വസ്‌ഥത പ്രകടിപ്പിച്ചതിനെ തുടർന്നു തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ടിവന്നു. കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന യുവാവിന് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയും ലഭ്യമാക്കി. തിരൂരങ്ങാടി സ്വദേശിയായ യുവാവ് കൊണ്ടോട്ടിയിൽ ഭാര്യയ്ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്നു വാടകവീട് ഉടമയുമായി ബന്ധപ്പെട്ട് യുവാവിനെ കുടുംബത്തിനു കൈമാറി.