നമ്പ്രത്തുകരയിൽ തകർന്ന കനാൽ ഉടൻ പുനർനിർമിക്കണം: കേരള കർഷകസംഘം

news image
Mar 14, 2026, 6:48 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ നടേരി ഡിസ്ട്രിബ്യൂഷൻ സബ് കനാൽ തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. നമ്പ്രത്തുകര ടൗണിൽ കനാൽ തകർന്നതിനെത്തുടർന്ന് കടകളിലടക്കം വെള്ളം കയറി വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വേനൽ കടുത്തതോടെ കൃഷിക്കും കുടിവെള്ളത്തിനും ജലക്ഷാമം നേരിടുന്ന സമയത്താണ് കനാൽ തകർന്ന് ജലവിതരണം തടസ്സപ്പെട്ടത്. കനാൽ തകർന്ന സ്ഥലം കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.സി. സതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി സ്ഥലം പരിശോധിക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കണമെന്നും കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഏരിയാ നേതാക്കളായ കെ. അപ്പു, രാധാകൃഷ്ണൻ കൊന്നാരി, ജമാൽ, കെ.പി. ഭാസ്കരൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe