പത്തനംതിട്ട: പത്തനംതിട്ടയിലെ ഹോസ്റ്റലിൽ നിന്ന് നഴ്സിംഗ് വിദ്യാർത്ഥി വീണ് മരിച്ച സംഭവത്തിൽ മരിച്ച അമ്മു സജീവിൻ്റെ വീട്ടിലെത്തി ആരോഗ്യസർവ്വകലാശാല അന്വേഷണ സംഘം. സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. വി വി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അയിരൂപ്പാറ ചാരുംമൂടുള്ള അമ്മുവിൻ്റെ വീട്ടിലെത്തി മൊഴിയെടുത്തത്. പത്തനംതിട്ടയിലെ എസ്എംഇ നഴ്സിംഗ് കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട ശേഷമാണ് സംഘം വീട്ടിലെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിൻ്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് അമ്മുവിന്റെ കുടുംബം. സഹപാഠികളായ വിദ്യാർത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലാം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻ്റെ കുടുംബം തള്ളി.