തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്കി. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താന്‍ മന്ത്രി നിർദേശം നൽകിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അമ്മു മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.
സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിൻറെ സഹോദരൻ പറഞ്ഞത്. പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.