മലപ്പുറം: താനൂരില്‍ വോട്ടിന് വന്‍തുക ഓഫര്‍ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി താനൂര്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍. പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്കാന് വേണ്ടി പറഞ്ഞതാണെന്നും ബൂത്ത് കമ്മിറ്റികള്‍ തമ്മില്‍ മത്സരം ഉണ്ടാകാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്കാന് വേണ്ടി പറഞ്ഞതാണ്. ബൂത്ത് കമ്മിറ്റികള്‍ തമ്മില്‍ മത്സരം ഉണ്ടാകാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ചുമതലപ്പെട്ടവര്‍ ഇരിക്കുമ്പോള്‍ നടത്തിയ പ്രഖ്യാപനമാണ്. പൊതുവേദിയില്‍ അല്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഒരു ഘടകവും ആ പ്രസ്താവനയില്‍ വരുന്നില്ല’: മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ നവാസിന് മുന്നൂറിലധികം വോട്ട് ലീഡ് നല്കുന്ന ബൂത്തുകള്‍ക്ക് പതിനായിരം രൂപ എന്നായിരുന്നു പ്രഖ്യാപനം. ഒന്നാം സ്ഥാനം ലഭിക്കുന്ന ബൂത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും നല്‍കും. മൂന്നാം സ്ഥാനം ലഭിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പതിനായിരം രൂപയും ലഭിക്കും എന്നും മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
തവനൂരില്‍ സി പി ബാവഹാജി വിദേശയാത്ര ഓഫര്‍ ചെയ്ത സംഭവത്തില്‍ കേസെടുത്തിരുന്നു. അതിനിടെയാണ് മുത്തുക്കോയ തങ്ങളുടെ പ്രഖ്യാപനം. തവനൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലായിരുന്നു സി പി ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശ യാത്ര എന്നായിരുന്നു പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് ബാവ ഹാജി ഓഫര്‍ ചെയ്തത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്കുന്ന കമ്മിറ്റിക്കാണ് ഗള്‍ഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക. 15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂര്‍ണ്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫര്‍.
