നവ കേരള സദസ്സിലെ നിവേദനം: കോതമംഗലത്ത് 39 പേർക്ക് കൂടി മുൻഗണന റേഷൻകാർഡുകൾ

news image
Jan 30, 2024, 1:14 pm GMT+0000 payyolionline.in

കൊച്ചി > മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന റേഷൻ കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും  ഓൺലൈൻ മുഖേനയും  ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കാർഡുകളുടെ വിതരണം നടന്നു.

ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് കാർഡുകൾ അനുവദിച്ചിട്ടുള്ളത്. നവ കേരള സദസ്സ് വഴി  റേഷൻ കാർഡ് സംബന്ധിച്ച ആകെ 74 നിവേദനങ്ങളാണ്  കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ചിരുന്നത്. മുൻഗണന കാർഡുകൾക്ക് പുറമെ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതും പേര് ചേർക്കുന്നതും പേര് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ നിവേദനങ്ങൾ കൃത്യമായി പരിഗണിച്ച് ഇതിനോടകം തീർപ്പാക്കിയതായി താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.

എടത്തല സ്വദേശിനിയുടെ പ്രശ്‌നത്തിന് പരിഹാരം

കുന്നത്തുനാട് മണ്ഡലതല നവകേരള സദസ്സിൽ അപേക്ഷ സമർപ്പിച്ച എടത്തല സ്വദേശിനി സാബിറ ഇബ്രാഹിമിന്റെ പ്രശ്‌നത്തിന് പരിഹാരമായി. തന്റെ ഭർതൃമാതാവിന്റെ പേരിലുള്ള ഭൂമി പോക്കുവരവ് ചെയ്‌തുനൽകണം എന്ന അപേക്ഷയുമായാണ് ഇവർ നവകേരള സദസ്സിൽ എത്തിയത്. അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിനകം ഭൂമി പോക്കു വരവ് ചെയ്‌തു കരം അടയ്‌ക്കുന്നതിന് അനുവദിച്ചു.

തന്റെ ഭർതൃമാതാവിന്റെ പേരിൽ വെങ്ങോല വില്ലേജിൽ അഞ്ച്സെന്റ് സ്ഥലമാണുള്ളത്. വർഷങ്ങളായി  ഈ സ്ഥലം പോക്കുവരവ് ചെയ്യാൻ  ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. പോക്കുവരവ് ചെയ്യാത്തതിനാൽ ഭർതൃമാതാവിന്റെ മരണശേഷം ഭൂമി മറ്റാരുടെയും പേരിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തന്റെ ഭർത്താവിന്റെ പേരിലേക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് സ്ഥലത്തിന്റെ മറ്റവകാശികൾ സമ്മതിച്ചിരുന്നെങ്കിലും പോക്കുവരവ് ചെയ്യാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനാണ്  കുന്നത്തുനാട് നിയോജകമണ്ഡല നവ കേരള സദസ്സിലൂടെ പരിഹാരമായത്. ജനുവരി രണ്ടിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനിയിലായിരുന്നു കുന്നത്തുനാട് മണ്ഡലതല നവകേരള സദസ്സ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe