നവ കേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം 22 ന്

news image
Feb 3, 2024, 2:42 pm GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ നവകേരള സദസിന്റെ തുടര്‍നടപടിയുടെ ഭാഗമായി നടത്തുന്ന നവ കേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഫെബ്രുവരി 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിയായ നവ കേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാവിലെ 9.30 ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനിതകള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനിതകളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. വനിതകളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും ഇതെന്നും നവകേരള സൃഷ്ടിയിലൂടെ സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് സദസിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ത്രീസൗഹൃദ കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി പുതിയ നിർദേശങ്ങള്‍ സ്വരൂപിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് നവകേരള സ്ത്രീ സദസ് സംഘടിപ്പിക്കുന്നത്. നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും അതിനനുസൃതമായ പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമാണ് നവ കേരള സദസ് സംഘടിപ്പിച്ചത്. നവകേരളം സ്ത്രീപക്ഷ കേരളമായിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് അനുകൂലമായ നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും നവ കേരള സദസില്‍ ലഭിച്ചു. പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള സ്ത്രീകളുടെയും പങ്കാളിത്തം നവ കേരള സ്ത്രീസദസിന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe