മൂടാടി: കുട്ടികളിൽ നാട്ടുചരിത്രത്തെയും പ്രാദേശിക സംസ്കാരത്തെയും കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മൂടാടി ശ്രീനാരായണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വേറിട്ടൊരു പഠനയാത്ര സംഘടിപ്പിച്ചു. വായനക്കളരിയുടെ ഭാഗമായി ബാലവേദി അംഗങ്ങളും രക്ഷിതാക്കളും ചേർന്നാണ് ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കും തൊഴിൽ മേഖലകളിലേക്കും യാത്ര നടത്തിയത്.
കേളപ്പജിയുടെ മൂടാടിയിലുള്ള ചരിത്രപ്രസിദ്ധമായ ഒത്തയോത്ത് തറവാട് സന്ദർശിച്ചുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. അവിടെ വെച്ച് കേളപ്പജിയുടെ ചെറുമകൻ നന്ദകുമാർ മൂടാടിയുമായി കുരുന്നുകൾ സംവദിച്ചു. തുടർന്ന്, 50 വർഷത്തിലേറെയായി പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തിവരുന്ന നാരായണൻ പുതുയോട്ടിൽ, സൈന്യത്തിൽ നിന്നും വിരമിച്ച പി.എം. മുരളീധരൻ എന്നിവരുമായും കുട്ടികൾ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ജീവിതാനുഭവങ്ങളും തൊഴിൽ പ്രയാസങ്ങളും ഇവർ കുട്ടികളുമായി പങ്കുവെച്ചത് നവതലമുറയ്ക്ക് പുത്തൻ അറിവായി മാറി.

യാത്രയുടെ ഭാഗമായി വാഴയിൽ പാതാളം, മുചുകുന്നിലെ കളിമൺ കലം നിർമ്മാണ കേന്ദ്രം, കടലൂർ ലൈറ്റ് ഹൗസ്, അകലാപ്പുഴ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. കളിമണ്ണിൽ നിന്നും പാത്രങ്ങൾ രൂപപ്പെടുന്നത് നേരിട്ടു കണ്ടതും ലൈറ്റ് ഹൗസിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയതും കുട്ടികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.
നാട്ടുനന്മകളും ചരിത്രവും നേരിട്ടറിഞ്ഞുള്ള ഈ വായനക്കളരി യാത്രയ്ക്ക് പി.വി. ഗംഗാധരൻ, രവീന്ദ്രൻ സി.കെ, കെ.എം. ചന്ദ്രൻ, ഷിജു പട്ടേരി, സുജിഷ, വിശ്വനാഥൻ എൻ.എം, രമേശൻ കെ.ടി, ലീല, ബിന്ദു, വാസു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
