നാട്ടുകാരെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ ‘തോക്ക് പരാക്രമം’; പോലീസ് വളഞ്ഞിട്ട് കീഴ്‌പെടുത്തി

news image
Sep 24, 2022, 4:54 am GMT+0000 payyolionline.in

മലപ്പുറം: നാട്ടുകാരെ മുൾമുനയിൽ നിർത്തി ചമ്രവട്ടത്ത് കളിത്തോക്കുമായി പട്ടാപ്പകൽ നടുറോഡിൽ യുവാവിന്റെ അഭ്യാസം. കഴിഞ്ഞ ദിവസം ആലത്തിയൂർ ആലിങ്ങലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പൊലീസിനേയും മുൾമുനയിൽ നിർത്തി തോക്കെടുത്തത്.

 

പൊന്നാനി സ്വദേശിയായ യുവാവിനൊപ്പം ആലിങ്ങലിൽ ബൈക്കിലെത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രികനാണ് ഇയാളെ കുറിച്ച് തിരൂർ പോലീസിന് വിവരം നൽകിയത്. തുടർന്ന് ഇൻസ്‌പെക്ടർ ജിജോയും മൂന്ന് പോലീസുകാരും കുതിച്ചെത്തി. പോലീസെത്തിയതോടെ അരയിൽ നിന്ന് തോക്ക് പുറത്തെടുത്ത യുവാവ് പോലീസിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു.

 

ഇതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമമുണ്ടായി. എന്നാൽ പോലീസുള്ളതിനാൽ വിജയിച്ചില്ല. അതോടെ ആലത്തിയൂർ റോഡിലേക്ക് നടന്നുനീങ്ങിയ യുവാവിനെ ഇൻസ്‌പെക്ടറും സംഘവും പിന്തുടർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. കൈയിലുള്ളത് കളിത്തോക്കാണെന്ന് പോലീസിന് ആദ്യമേ മനസ്സിലായിരുന്നതിനാൽ മൽപ്പിടുത്തത്തിലൂടെ തന്നെ യുവാവിനെ കീഴടക്കി.

ഇതിനിടെ തോക്ക് തകർന്ന് തരിപ്പണമാകുകയും ചെയ്തു. മാനസിക രോഗത്തിന് ചികിത്സയിലുള്ളയാളാണ് യുവാവെന്ന് ഇൻസ്‌പെക്ടർ ജിജോ  പറഞ്ഞു. ചമ്രവട്ടം ജംഗ്ഷനിൽ നിന്നായിരുന്നു ഇയാൾ പൊന്നാനിയിൽ നിന്ന് കൂട്ടായിയിലേക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കിൽ കയറിയത്. ബൈക്ക് യാത്രക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലാണ് ആലിങ്ങലിൽ യുവാവ് ഇറങ്ങിയ ശേഷം യുവാവ് പോലീസിൽ വിവരം അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe