നാദാപുരം: നാദാപുരത്ത് വാർഡ് മെംബർക്കും കോളജ് വിദ്യാർഥിനിക്കും കുറുക്കന്റെ കടിയേറ്റു. ഗ്രാമപഞ്ചായത്ത് മെംബറും ആശാവർക്കറുമായ പെരുവം കരയിലെ കിണമ്പ്രെമൽ റീന, നാദാപുരം ഗവ. കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി കുന്നുമ്മക്കര സ്വദേശിനി ഫാത്തിമ റിഫ്ന എന്നിവർക്കാണ് തിങ്കളാഴ്ച കുറുക്കന്റെ കടിയേറ്റത്.
രാവിലെ പതിനൊന്നോടെ പെരുവം കരയിൽനിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് വരുന്നതിനിടെയാണ് റീനക്ക് കടിയേൽക്കുന്നത്. വീട്ടിനടുത്തെ റോഡിൽനിന്ന് പിന്നാലെ ഓടിവന്ന് കടിക്കുകയായിരുന്നു.കൈക്കും കാലിനും സാരമായി പരിക്കേറ്റ ഇവരെ നാദാപുരത്ത് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ ചേർന്ന് കൂടുതൽ ആക്രമണത്തിൽനിന്ന് രക്ഷിക്കുകയായിരുന്നു. ഇതേ കുറുക്കനാണ് കോളജ് വിദ്യാർഥിനിയെയും ആക്രമിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ കോളജിന് സമീപത്തെ ഹോസ്റ്റലിനടുത്ത് വെച്ചാണ് ഫാത്തിമ റിഫ്നക്ക് കടിയേൽക്കുന്നത്. കാലിൽ കടിയേറ്റ വിദ്യാർഥിനിക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സനൽകി. സമീപത്ത് തെരുവുനായുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.