കോഴിക്കോട്: നഗരത്തിലെ ഗതാഗതത്തിൽ സമഗ്ര മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണം അടുത്ത മാസം പകുതിയോടെ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ. റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണം ഈ മാസത്തോടെ പൂർത്തിയാകും. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ നീക്കുന്നതും ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചു നീക്കുന്നതും കേബിളുകൾ മാറ്റുന്നതും അടക്കമുള്ള ജോലികൾ പുരോഗമിക്കുന്നു. റോഡിനു കുറുകേയുള്ള ഡക്റ്റുകൾ വേഗത്തിൽ പൂർത്തീകരിക്കും.
മലാപ്പറമ്പ് ഭാഗത്ത്, റോഡ് വീതി കൂട്ടി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലികളും തുടങ്ങി. മിക്ക ഭാഗത്തും മണ്ണു നിരത്തുന്നുണ്ട്. ജനുവരി ആദ്യം ടാറിങ് തുടങ്ങും. ഗതാഗത നിയന്ത്രണം ട്രാഫിക് പൊലീസുമായി ഏകോപിപ്പിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണു നിർമാണ ചുമതല. മിഡ്ലാൻഡ് ആണ് നിർമാണ കരാറുകാർ. 24 മീറ്റർ വീതിയിൽ, 5.320 കിലോമീറ്റർ റോഡിന് 76.90 കോടി രൂപയാണ് അടങ്കൽ.
2 വരിയിൽ ഗതാഗതം സാധ്യമാക്കി, 8.5 മീറ്റർ വീതിയാണ് ഒരു ഭാഗത്തു പാതയ്ക്കുണ്ടാകുക. 2 മീറ്റർ വീതിയിൽ മീഡിയനും ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഇരുഭാഗത്തും റോഡരികിൽ അര മീറ്റർ മണ്ണിട്ടു നിരപ്പാക്കും. നടപ്പാതയ്ക്ക് അടിയിലായാണ് ഓടയും കേബിളുകൾക്കും പൈപ്പുകൾക്കുമായി യൂട്ടിലിറ്റി ഡക്റ്റുമുണ്ടാകുക. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നും കേബിളും പൈപ്പുമിടാൻ പാത മുറിക്കേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നും അധികൃതർ പറയുന്നു. ജംക്ഷനുകൾ 9 സിഎസ്ഐ, സിഎച്ച് ഫ്ലൈ ഓവർ, മാവൂർ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളജ്, മനോരമ, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളിലാണു ട്രാഫിക് ജംക്ഷനുകൾ. എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരിക്കും വലിയ ജംക്ഷനുകൾ. മറ്റിടങ്ങളിൽ ‘T’ ജംക്ഷനുകൾ. ഇടറോഡുകളിൽ നിന്ന് പ്രവേശനമുണ്ടാകും. പ്രധാന സ്ഥാപനങ്ങൾക്കു സമീപം യു ടേൺ അനുവദിക്കും.
