മൂത്തേടം: ജനവാസകേന്ദ്രത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ നിന്ന് മുപ്പത് മീറ്ററകലെ മൂത്തേടം ചോലമുണ്ടയിലെ ഇഷ്ടികക്കളത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് നാട്ടുകാര്‍ കസേര കൊമ്പന് എന്നുവിളിക്കുന്ന കൊമ്പന്റെ ജഡം കണ്ടത്.
വ്യാഴാഴ്ച പുലര്‍ച്ച നാലരയോടെ ജഡം കണ്ടെത്തിയതോടെ സ്ഥലത്തെത്തിയ വനപാലകര്‍ രാവിലെ എട്ടോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വനത്തിലേക്ക് മാറ്റി. നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് അനീഷ സിദ്ദീഖ്, നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ അഖില്‍ നാരായണന്, കരുളായി റേഞ്ച് ഓഫിസര്‍ പി.കെ. മുജീബ് റഹ്മാന്, വനം വെറ്ററിനറി സര്ജന് ഡോ. എസ്. ശ്യാം, മൂത്തേടം വെറ്ററിനറി സര്ജന് ഡോ. മുഹമ്മദ് റയ്നു ഉസ്മാന്, അമരമ്പലം വെറ്ററിനറി സര്ജന് ഡോ. ജിനു ജോണ്‍ എന്നിവർ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം വനത്തില്‍ സംസ്കരിച്ചു. 40 വയസ്സ് തോന്നിക്കുന്ന ആനയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്.
മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധന ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. മൂത്തേടം, കരുളായി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ കസേര കൊമ്പന്റെ ആക്രമണം രൂക്ഷമായിരുന്നു. പകല്‍ സമയങ്ങളില്‍പോലും ഈ ആന പ്രദേശത്തെ തോട്ടങ്ങളില്‍ കൃഷിനാശം വിതച്ചിരുന്നു.