ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്മാർട്ട്ഫോണുകൾ. നിരവധി കാര്യങ്ങൾക്ക് ഇന്ന് നമ്മൾ സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കുന്നു. പക്ഷേ സ്മാർട്ട്ഫോൺ ബാറ്ററി വേഗത്തിൽ കാലിയാകുന്നത് നിങ്ങളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആയിരിക്കാം. ഉപയോഗത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററിയുടെ ദൈര്‍ഘ്യം വർധിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങളുണ്ട്. ബാറ്ററി തീർക്കുന്ന കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള അഞ്ച് മികച്ച വഴികൾ ഇതാ.
ഫോണിലെ പല ആപ്പുകളും ക്ലോസ് ചെയ്തതതിന് ശേഷവും ബാക്ക്ഗ്രൗണ്ടില്‍ പ്രവർത്തിക്കുന്നത് തുടരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇമെയിൽ, മെസേജിംഗ് ആപ്പുകൾ എന്നിവ ഓട്ടോ സിങ്ക് ഫീച്ചറുകൾ ഉപയോഗിച്ച് ഉള്ളടക്കം നിരന്തരം പുതുക്കുന്നു. ഇത് നിങ്ങളുടെ ബാറ്ററി വേഗത്തിൽ തീർക്കും. നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സിലേക്ക് പോയി ഉപയോഗിക്കാത്ത ആപ്പുകൾ ഓഫാക്കുകയോ അല്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് പ്രവർത്തനം പരിമിതപ്പെടുത്തുകയോ ചെയ്യുക. നിർണായകമല്ലാത്ത ആപ്പുകൾക്കായി ഓട്ടോ-സിങ്ക് പ്രവർത്തനരഹിതമാക്കുന്നത് നിങ്ങളുടെ ബാറ്ററി ചാർജ് വർധിപ്പിക്കും.
സ്ക്രീൻ ബ്രൈറ്റ്നെസും ടൈം ഔട്ട് സെറ്റിംഗ്സും ക്രമീകരിക്കുക
നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ്ജിനെ ഏറ്റവും കൂടുതൽ നഷ്ടപ്പെടുത്തുന്ന ഒന്നാണ് സ്ക്രീൻ. 100 ശതമാനം ബ്രൈറ്റ്നെസ് നിലനിർത്തുന്നതും സ്ക്രീൻ ടൈംഔട്ട് ദൈർഘ്യം ദീർഘനേരം ഉപയോഗിക്കുന്നതുമൊക്കെ നിങ്ങളുടെ ബാറ്ററി പെട്ടെന്ന് തീരാൻ കാരണമാകും. ഫോണിൽ ഓട്ടോ ബ്രൈറ്റ്നെസ് പ്രവർത്തനക്ഷമമാക്കുകയോ സ്വയം ബ്രൈറ്റ്നെസ് കുറയ്ക്കുയോ ചെയ്യുക. കൂടാതെ, ഉപയോഗിക്കുന്നില്ലെങ്കിൽ 15-30 സെക്കൻഡുകൾക്ക് അകം സ്ക്രീൻ ഓഫാക്കാൻ സജ്ജമാക്കുക.
ലൊക്കേഷൻ സേവനങ്ങളും കണക്റ്റിവിറ്റി സവിശേഷതകളും ഓഫാക്കുക
ജിപിഎസ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൊബൈൽ ഡാറ്റ എന്നിവ ബാറ്ററി ചാർജ് വളരെ വേഗം കുറയ്ക്കും. നിങ്ങൾക്ക് അവ എപ്പോഴും ആവശ്യമില്ലെങ്കിൽ, അവ ഓഫ് ചെയ്യുന്നത് പരിഗണിക്കുക. മോശം നെറ്റ്വർക്ക് കവറേജ് ഉള്ള സ്ഥലങ്ങളിൽ സിഗ്നലിനായി നിങ്ങളുടെ ഫോൺ നിരന്തരം തിരയും. ഇത് ബാറ്ററി ചാർജ്ജ് തീരാൻ കാരണമാകും. ഇതൊഴിവാക്കാൻ ഇത്തരം റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് എയർപ്ലെയിൻ മോഡ് ഓണാക്കുക.
നിങ്ങളുടെ സോഫ്റ്റ്വെയറും ആപ്പുകളും അപ്ഡേറ്റ് ചെയ്യുക
സോഫ്റ്റ്വെയർ അപ്ഡേറ്റുകളിൽ പലപ്പോഴും ബാറ്ററി ഒപ്റ്റിമൈസേഷനുകളും ബഗ് പരിഹാരങ്ങളും ഉൾപ്പെടുന്നു. കാലഹരണപ്പെട്ട പതിപ്പുകൾ ഉപയോഗിക്കുന്നത് കാര്യക്ഷമമല്ലാത്ത പ്രകടനത്തിനും കൂടുതൽ വൈദ്യുതി ഉപയോഗത്തിനും കാരണമായേക്കാം. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും പുതിയതാണെന്ന് ഉറപ്പാക്കുക.