മലപ്പുറം: ജില്ലയില്‍ നിപാ ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പ്രതിരോധക്കോട്ട കെട്ടി നാട്. തികഞ്ഞ ജാഗ്രതയിൽ ആരോഗ്യവകുപ്പ്, ജില്ലാ ഭരണസംവിധാനം, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം ജനങ്ങളും അണിനിരന്നു. ഭീതിയിൽ തളരാതെ നിര്‍ദേശങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ സ്വയം ഏറ്റെടുത്തുമാണ് ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലുള്ളവര്‍ പെരുമാറിയത്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച ജനങ്ങളോട് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. മന്ത്രി നേരിട്ടാണ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ശനിയാഴ്‌ച ജില്ലയിലെത്തിയ മന്ത്രി സ്ഥിതിഗതികള്‍ നിരന്തരം വിശകലനംചെയ്യുന്നുണ്ട്. കലക്ടർ വി ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ, ആരോഗ്യ ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള ഉദ്യോഗസ്ഥർ,- ദുരന്തനിവാരണ ഉദ്യോഗസ്ഥർ എന്നിവരും യോഗങ്ങളില്‍ പങ്കെടുക്കുന്നു.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച പതിനാലുകാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. ജില്ലയിലെ എല്ലാ ജനങ്ങളും മാസ്‌ക് ധരിക്കണമെന്ന് കർശന നിർദേശമുണ്ട്.
വിദ്യാര്‍ഥിക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യവും കണ്ടെത്തും. ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്ത് മന്ത്രി വീണാ ജോർജ് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.