നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

news image
Jun 6, 2024, 4:38 pm GMT+0000 payyolionline.in

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയന്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ നിമിഷ പറഞ്ഞ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു സൈബര്‍ ആക്രമണം. “ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല”, എന്നായിരുന്നു നിമിഷ സജയന്‍റെ വാക്കുകള്‍. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിമിഷയ്ക്കെതിരെ അധിക്ഷേപ കമന്‍റുകളും പരിഹാസങ്ങളുമൊക്കെ കടുത്തിരുന്നു. പിന്നാലെ താരം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്‍റ് ബോക്സ് പൂട്ടുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്.

നിമിഷ സജയന്‍റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗോകുല്‍ സുരേഷിന്‍റെ പ്രതികരണം. നിമിഷയുടെ പേര് പരാമര്‍ശിക്കാതെയുള്ള ചോദ്യത്തിന് പേര് പരാമര്‍ശിക്കാതെതന്നെയാണ് ഗോകുലിന്‍റെ പ്രതികരണം. “ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ”, ഗോകുല്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe