കൊയിലാണ്ടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ജനപ്രതിനിധികളുടെ ‘പുതുയുഗ സംഗമം’ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ (RGPRS) നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സംഗമം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങളിൽ ഇടപെട്ടും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിടാൻ ജനപ്രതിനിധികൾ സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആർ.ജി.പി.ആർ.എസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ഫാക്കൽറ്റി ഡോ. എബി ജോർജ് രാഷ്ട്രീയ പഠന ക്ലാസ് നയിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങളും ചർച്ചയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി കോട്ടയിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കുഴി എന്നിവർ സംസാരിച്ചു. കാവിൽ പി. മാധവൻ, രാജേഷ് കീഴരിയൂർ, അശോകൻ മാസ്റ്റർ, മുരളി തൊറോത്ത്, സി. രാധാകൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ, യു.വി. ബാബുരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
