നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും

news image
Sep 11, 2023, 2:42 am GMT+0000 payyolionline.in

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.

പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുക. പുതുപ്പള്ളിയിലെ മിന്നും ജയത്തിൻറെ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷം ഭരണപക്ഷത്തെ നേരിടാൻ സഭയിലേക്കെത്തുന്നത്. ഉമ്മൻചാണ്ടിയോടുളള സ്നേഹത്തോടൊപ്പം സർക്കാറിനെതിരായ വിധിയെഴുത്തായാണ് പ്രതിപക്ഷം ഫലത്തെ കാണുന്നത്. ഇതുവരെ ഫലത്തെ കുറിച്ച് മിണ്ടാത്തത് അടക്കം ഉന്നയിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷ നീക്കം. സോളാർ ലൈംഗിക പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് ആദ്യ ദിനം തന്നെ പ്രതിപക്ഷം ആയുധമാക്കും.

ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന്  12,684  വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.

പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. തന്റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻചാണ്ടി ഇന്നില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മനാണെന്നും എകെ ആന്റണി പറഞ്ഞു. എംഎൽഎ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടിൽ സന്ദർശിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്റെ പിതാവിന് നൽകിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ല. സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.

2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ലെന്നത് ശ്രദ്ധേയമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe