മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ 8.40ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം സ്വദേശി രജിഷിന്റെ സെൻ കാറിനാണ് തീ പിടിച്ചത്.

രജീഷിന്റെ സുഹൃത്ത് ശരത്താണ് കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നിലമ്പൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ബോണറ്റ് പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു.