നിലമ്പൂര്‍ സ്കൂളിൽ നിന്നും 8 വയസുകാരിയെ എത്തിച്ചത് വിജനമായ സ്ഥലത്ത്, ക്രൂര പീഡനം; ഓട്ടോ ഡ്രൈവർക്ക് 45 വർഷം കഠിന തടവ്

news image
Jun 1, 2024, 7:51 am GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂരിൽ എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കൽ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം പ്രതിക്ക് ഒന്നരവർഷം സാധാരണ തടവ് കൂടി അധികം അനുഭവിക്കണം.

2019 ഡിസംബർ 11നാണ് നാടിനെ നടുക്കിയ ക്രൂര പീഡനം നടന്നത്.  അതിജീവിത ഉൾപ്പെടെയുള്ള കുട്ടികളെ സ്ഥിരമായി ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് കൊണ്ടുപോവുന്നതും തിരിച്ചുകൊണ്ടുവരുന്നതും നിഷാദായിരുന്നു. സംഭവ ദിവസം സ്കൂൾവിട്ട് കുട്ടികളെ തിരിച്ചുകൊണ്ടു വരുന്നതിനിടെ മറ്റു കുട്ടികളെ വീടുകളിൽ ഇറക്കിയ ശേഷം എട്ടുവയസുകാരിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി   ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

നിലമ്പൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന, നിലവിൽ മലപ്പുറം വനിതാ സെൽ ഇൻസ്പെക്ടർ റസിയാ ബംഗാളത്ത്, നിലമ്പൂർ സ്റ്റേഷനിലെ എസ്ഐ കെ.എം ബിജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട്   എസ്ഐ സുനിൽ പുളിക്കൽ ആണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe