നിലമ്പൂർ വഴിക്കടവ് മരുതയിൽ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു

news image
May 3, 2023, 1:37 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം നിലമ്പൂർ വഴിക്കടവ് മരുതയിൽ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു. വെണ്ടേക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാൻ-ഇന്ദിര ദമ്പതികളുടെ 14 ദിവസം കുഞ്ഞാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം അറിയൂവെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസം വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം വിവാദമായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടിയുണ്ടായി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും, പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ഇത്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്.  ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകൾക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകൾ നൽകി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോഴാണ് ആരോ​ഗ്യവകുപ്പ് ഇടപെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe