നീറ്റിൽ തുടങ്ങി നെറ്റ് വരെ; പരീക്ഷാ വിവാദത്തില്‍ കുടുങ്ങി കേന്ദ്ര സര്‍ക്കാര്‍, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

news image
Jun 20, 2024, 10:48 am GMT+0000 payyolionline.in
ദില്ലി: നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. എന്നാൽ കൗൺസിലിംഗ് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയതായുള്ള ബീഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി ഇതിനിടെ പുറത്തുവന്നു. നീറ്റിന് പുറമേ നെറ്റ് പരീക്ഷയും വിവാദത്തിലായതോടെ സർക്കാരിനെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയാണ്. നീറ്റിൽ തുടങ്ങി നെറ്റിലും ക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര സർക്കാരിനെ പിടിച്ചുകുലുക്കുകയാണ് പരീക്ഷ വിവാദം.

ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട് തേടിയത്. വിവിധ ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിലും കോടതി നോട്ടീസ് അയച്ചു. അതേസമയം കൗൺസിലിംഗിന് സ്റ്റേ ഇല്ലെന്ന് കോടതി ഇന്നും വ്യക്തമാക്കി. വിവിധ ഹർജികളിൽ അടുത്തമാസം എട്ടിന് കോടതി വിശദവാദം കേൾക്കും.

 

ജൂലൈ ആറിനാണ് കൗൺസലിംഗ് തുടങ്ങുന്നത്. പരീക്ഷ തലേന്ന് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നാണ് ബീഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി പുറത്ത് വന്നു. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിയാണ് പുറത്തായത്. ബന്ധു വഴി മുപ്പത് ലക്ഷം രൂപയ്ക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നാണ് മൊഴിയിൽ പറയുന്നത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്.

 

എൻടിഎയിൽ നിന്ന് ബീഹാർ പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പരീക്ഷ ക്രമക്കേടിൽ കർശന നടപടിയിലേക്ക് കേന്ദ്രം നീങ്ങുന്നുവെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ റിപ്പോർട്ട് അമിത് ഷാ വിലയിരുത്തി. ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷയും റദ്ദാക്കേണ്ടി വന്നതോടെ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുകയാണ്. പരാതിക്കാരായ വിദ്യാർത്ഥികളെ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് കണ്ടേക്കും. നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. ബിജെപി സർക്കാരിന്റെ കീഴിൽ മാഫിയകൾ പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ദില്ലിയിൽ പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe