നീറ്റ് ചോദ്യക്കടലാസ് ചോർന്ന സംഭവം; 5 ലക്ഷംമുതൽ വിലയിട്ട് കച്ചവടം, അന്വേഷണം കേരളത്തിലേക്കും

news image
May 12, 2026, 7:27 am GMT+0000 payyolionline.in

ന്യൂഡൽഹി: നീറ്റ് യു.ജി. 2026 പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നെന്ന സംശയത്തിൽ അന്വേഷണം കേരളത്തിലേക്കും രാജസ്ഥാൻ പോലീസ് വ്യാപിപ്പിക്കും. കേരളത്തിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥി രാജസ്ഥാനിലെ കൂട്ടാളിക്ക് വിവാദ സാധ്യതാ ചോദ്യക്കടലാസ് അയച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. സികാറിലെ കൂട്ടാളിക്ക് അയച്ചുകൊടുത്ത ചോദ്യക്കടലാസ് പിന്നീട് ഒരു പേയിങ് ഗസ്റ്റ് (പി.ജി.) നടത്തിപ്പുകാരന്റെ കൈയിലുമെത്തി.

അവിടെനിന്ന് പുറത്തായ ചോദ്യക്കടലാസ് വിവിധ സംസ്ഥാനങ്ങളിൽ കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും ഉചിതമായ സമയത്ത് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആലോചിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു.

410 ചോദ്യങ്ങളുടെ സാധ്യതാ ചോദ്യക്കടലാസ്
സാധ്യതാ ചോദ്യക്കടലാസ് എന്ന രൂപത്തിൽ 410 ചോദ്യങ്ങളടങ്ങുന്ന പേപ്പറാണ് വിവാദത്തിനടിസ്ഥാനമെന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന രാജസ്ഥാനിലെ എ.ഡി.ജി.പി. വിശാൽ ബൻസാൽ പറഞ്ഞു. ഇതിൽ രസതന്ത്രവിഭാഗത്തിലെ 120 ചോദ്യങ്ങൾ യഥാർഥ ചോദ്യക്കടലാസിലേതിന് സമാനമായിരുന്നെന്നാണ് പറയപ്പെടുന്നത്. ആകെ 720 മാർക്കിന്റെ നീറ്റ് യു.ജി. പരീക്ഷയിൽ 600 മാർക്കിന്റെ ചോദ്യങ്ങൾ സാധ്യതാ പേപ്പറിലുണ്ടായിരുന്നെന്നും പറയുന്നു. പരീക്ഷയ്ക്ക് 15 ദിവസംമുൻപേതന്നെ സാധ്യതാ ചോദ്യക്കടലാസ് കുട്ടികൾക്ക് കിട്ടിയിരുന്നതായി വിവരമുണ്ട്.

അഞ്ചുലക്ഷംമുതൽ വിലയിട്ട് കച്ചവടം
സാധ്യതാ ചോദ്യക്കടലാസിന് ലക്ഷങ്ങൾ വിലയിട്ട് കച്ചവടംനടത്തിയതായുള്ള ആരോപണങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പരീക്ഷയ്ക്ക് രണ്ടുദിവസംമുൻപ് അഞ്ചുലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും പരീക്ഷാത്തലേന്ന് 30,000 വരെ വാങ്ങിയെന്നും വിവരമുണ്ട്. ഇതൊക്കെ എവിടെനിന്ന് എങ്ങോട്ടൊക്കെ അയച്ചെന്ന് കണ്ടെത്താൻ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe