നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണു; വയോധികൻ മരിച്ചു

news image
Jan 15, 2026, 12:39 pm GMT+0000 payyolionline.in

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 65കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് പരിത്യംപള്ളി നിവർത്തിൽ പിപി മണിക്കുട്ടനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.15നായിരുന്നു സംഭവം. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ആലപ്പുഴ പാസ്‌പോർട്ട് ഓഫിസിന് മുന്നിൽ നടത്തിയ സമരത്തിൽ മണിക്കുട്ടൻ പങ്കെടുത്തിരുന്നു. സമരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരികെ ബസിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

 

ഒപ്പമുണ്ടായിരുന്നവർ മണിക്കുട്ടനെ താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാസ്പോർട്ട് ഓഫീസിൽ നിന്ന് കോൺവന്റ് സ്‌ക്വയർ ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരം നടന്നാണ് ഇദ്ദേഹം ബസ് കയറാനെത്തിയത്. അതേസമയം ഇന്നലെ ഇദ്ദേഹത്തിന് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അത് കാര്യമാക്കാതെയാണ് സമരത്തിൽ പങ്കെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ സുശീല. മക്കൾ: മഞ്ജു, മനീഷ്, മനു. മരുമക്കൾ: അനി, അശ്വതി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe