തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെക്കില്ല. ശമ്പള പരിഷ്കരണ ചര്‍ച്ചകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെന്ഷൻ പദ്ധതി അധികാരത്തിൽ എത്തിയാൽ ഉടൻ പിന്‍വലിക്കുമെന്ന് അന്നേ ഇടതു മുന്നണി വാഗ്ദാനം ചെയ്തതാണ്. എന്നാൽ പത്തു വര്‍ഷം ഭരിച്ചിട്ടും ഈ വാഗ്ദാനം നടപ്പായില്ല. പങ്കാളിത്ത പെന്ഷൻ പദ്ധതിയിൽ നിന്ന് പിന്‍വാങ്ങുമ്പോഴും സ്റ്റാറ്റ്യൂട്ടറി പെന്ഷൻ സമ്പ്രദായത്തിലേയ്ക്ക് മടങ്ങിപ്പോക്കില്ല. ജീവനക്കാര്‍ ശമ്പളത്തിൽ നിന്ന് വിഹിതം അടയ്ക്കേണ്ട അഷ്വേഡ് പെന്ഷൻ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. പുതുതായി വരുന്ന പെന്ഷൻ പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. അവസാന ശമ്പളത്തിന്റെ പകുതി പെന്ഷൻ വാഗ്ദാനം ചെയ്യുന്ന അഷ്വേഡ് പെന്ഷൻ പദ്ധതി തമിഴ്നാട്ടിൽ നടപ്പാക്കിയിരുന്നു. ഡിഎ അവകാശമല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനിടെയാണ് ഒരു ആനൂകൂല്യവും തടഞ്ഞുവയ്ക്കില്ലെന്ന ധനമന്ത്രിയുടെ വിശദീകരണം.
2023 ജൂലൈ മുതൽ ആറ് ഗഡുക്കളായി 15 ശതമാനം ക്ഷാമബത്ത കുടിശിക, കുടിശ്ശികയും ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങി. ഇതേ വിഷയത്തിൽ എൻജിഒ അസോസിയേഷൻ 5 ദിവസം സത്യഗ്രഹ സമരം നടത്തി. പഴയ പെന്ഷൻ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച പങ്കാളിത്ത പെന്‍ഷൻകാര്‍ റിലേ സത്യാഗ്രഹവും തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പെന്‍ഷനും ജീവനക്കാരുടെ ശമ്പളവും ചര്‍ച്ചയാകുമെന്നിരിക്കേയാണ് പെൻഷൻമാറ്റത്തിനും ശമ്പള പരിഷ്കരണത്തിനും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
