ചണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫിറോസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ഭൂപീന്ദർ സിങ് സിധു പറഞ്ഞു.
‘മൂന്ന് പേർക്ക് ഡ്രോൺ ആക്രമണത്തിൽ പൊള്ളലേറ്റതായി വിവരം ലഭിച്ചു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. ഡ്രോണുകളേറെയും സൈന്യം നിർവീര്യമാക്കി’ -ഭൂപീന്ദർ സിങ് സിധു പറഞ്ഞു.
അതിർത്തി മേഖലയായ ഫിറോസ്പൂരിനെ ലക്ഷ്യമിട്ട് ഇന്നലെ രാത്രി നിരവധി ഡ്രോൺ ആക്രമണങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇവയിൽ ഭൂരിഭാഗവും ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ തകർന്നു.
തുടർച്ചയായ രണ്ടാംരാത്രിയിലാണ് ഇന്ത്യക്ക് നേരെ പാകിസ്താൻ ആക്രമണം നടത്തുന്നത്. വടക്കൻ കശ്മീരിലെ ബാരാമുല്ല മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങളിൽ പാകിസ്താൻ ഡ്രോണുകളെ നേരിട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ശ്രീനഗർ, അവന്തിപോര, നഗ്രോറ്റ, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ട, ജയ്സാൽമീർ, ബാർമെർ, ഭുജ്, കുവർബെത്, ലഖി നല തുടങ്ങിയ സ്ഥലങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്.