അമൃത്സർ: പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ കണ്ടെത്തി. 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം ജനിച്ച ഹർപ്രീത് സിംഗ്, ബൽജിത് കൗർ ദമ്പതികളുടെ കുഞ്ഞിനെയാണ് ഇവരുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ കടത്തിക്കൊണ്ടു പോയത്.
ആറുപേരെ പിടികൂടിയ പൊലീസ് മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറി. ഗുരുദാസ്പൂരിലെ ഹരിമാബാദ് ഗ്രാമത്തിലെ ബബ്ബു എന്ന സരബ്ജിത് കൗറും ഭർത്താവ് ബണ്ടി മസിഹും ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാത്രി ലുധിയാന ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ലുധിയാന ബസ് സ്റ്റാൻഡിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് അമൃത്സറിൽ എത്തിക്കുകയായിരുന്നു.
പുനർവിവാഹിതരായ പ്രതികൾ കുട്ടികളില്ലാത്തതിനാലാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (നോർത്ത്) വരീന്ദർ സിംഗ് ഖോസ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.