കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെന്ന് പരിചയപ്പെടുത്തി പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചശേഷം സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ. താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ (39), വാണിമേൽ കോടിയോറ പടിഞ്ഞാറെ വാഴച്ചാണ്ടിയിൽ സന്ദീപ് (36) എന്നിവരെയാണ് കോഴിക്കോട് സെക്കൻഡ് അഡീഷനൽ സബ് കോടതി ജഡ്ജി ആർ. വന്ദന ശിക്ഷിച്ചത്.
അഴിയൂർ കല്ലാമല ‘ദേവി കൃപ’ വീട്ടിൽ സുലഭയാണ് കോവിഡ് കാലത്ത് ആക്രമണത്തിനിരയായത്. 2021 മാർച്ച് 19നാണ് സംഭവം. ആരോഗ്യവകുപ്പിൽനിന്ന് വന്നതാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ അർജുൻ, സുലഭയുടെ ഭർത്താവ് രവീന്ദ്രനോട് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ പോകണമെന്നാവശ്യപ്പെട്ടു. ഇദ്ദേഹം സ്കൂട്ടറിൽ പോയ ഉടൻ വീടിനകത്ത് അതിക്രമിച്ചു കയറി ലോഹവിഗ്രഹം കൊണ്ട് സുലഭയെ മുഖത്തടിച്ച് വീഴ്ത്തി അഞ്ചു പവന്റെ മാല കവർന്നു. പിന്നാലെ സന്ദീപ് എത്തി സുലഭയെ വീണ്ടും അടിച്ചപ്പോൾ തറയിൽ വീണ് ബോധരഹിതയായി. രണ്ട് പല്ലുകൾ തെറിച്ചുപോകുകയും താടിയെല്ല് പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു.
ചോമ്പാല പൊലീസാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. ചോമ്പാല എസ്.ഐ കെ.വി. ഉമേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രോസിക്യൂഷനുവേണ്ടി അഡ്വ. റോബിൻസ് തോമസ്, അഡ്വ. കല റാണി എന്നിവർ ഹാജരായി.